---
title: "അതീവ ജാഗ്രത വേണം ; കലിതുള്ളി കുത്തിയൊലിച്ച് വിലങ്ങാട് പുഴ, പെരിങ്ങത്തൂർ പുഴയിലും ജലനിരപ്പുയരുന്നു"
english_title: "Vilngad Peringathur Rivers Overflow Nadapuram Flood Alert Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375984/Vilngad Peringathur Rivers Overflow Nadapuram Flood Alert Kerala"
published_at: "2026-08-01T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dc058809cf_1001350058.jpg"
keywords: ["Vilngad River", "Peringathur River", "Nadapuram", "Vanimel", "Flood Alert"]
---

# അതീവ ജാഗ്രത വേണം ; കലിതുള്ളി കുത്തിയൊലിച്ച് വിലങ്ങാട് പുഴ, പെരിങ്ങത്തൂർ പുഴയിലും ജലനിരപ്പുയരുന്നു

> **Lead Summary:** പെരിങ്ങത്തൂർ:കനത്ത മഴയെ തുടർന്ന് വാണിമേൽ പഞ്ചായത്തിലെ പ്രധാന ജലാശയങ്ങളായ വിലങ്ങാട് പുഴയും പെരിങ്ങത്തൂർ പുഴയും കരകവിഞ്ഞൊഴുകുന്നു.

## Article Content

പെരിങ്ങത്തൂർ:കനത്ത മഴയെ തുടർന്ന് വാണിമേൽ പഞ്ചായത്തിലെ പ്രധാന ജലാശയങ്ങളായ വിലങ്ങാട് പുഴയും പെരിങ്ങത്തൂർ പുഴയും കരകവിഞ്ഞൊഴുകുന്നു.

തുടർച്ചയായി പെയ്യുന്ന മഴയിൽ ജലനിരപ്പ് അപകടകരമായി ഉയർന്നതോടെ തീരപ്രദേശങ്ങളിൽ ആശങ്ക ശക്തമായി.

പെരിങ്ങത്തൂർ പുഴയിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു. ഇതോടെ ബോട്ടുജെട്ടികൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി.

പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങളിലേക്കും വെള്ളം കയറിത്തുടങ്ങി. പുഴയിലൂടെ ഒഴുകിയെത്തുന്ന ശക്തമായ വെള്ളപ്പാച്ചിൽ ഗതാഗതത്തെയും മത്സ്യബന്ധന പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.

വിലങ്ങാട് പുഴയിലും സമാന സ്ഥിതിയാണ്. കരകവിഞ്ഞൊഴുകുന്ന വെള്ളം പുഴയോരത്തെ കൃഷിയിടങ്ങളിലേക്കും ചില റോഡുകളിലേക്കും വ്യാപിച്ചതായി നാട്ടുകാർ അറിയിച്ചു. മഴ തുടർന്നാൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു.

സ്ഥിതിഗതികൾ വിലയിരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പുഴയോരങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു.

ദുരന്തനിവാരണ വിഭാഗം നൽകുന്ന മുന്നറിയിപ്പ് പ്രകാരം നദീതീരങ്ങളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലുമായി അനാവശ്യ യാത്രകൾ ഒഴിവാക്കണം. കുട്ടികളെ ഒരു കാരണവശാലും പുഴയോരങ്ങളിലേക്ക് അനുവദിക്കരുത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര സഹായത്തിനായി കൺട്രോൾ റൂമുമായി ബന്ധപ്പെടാനും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ മാറി താമസിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375984/Vilngad Peringathur Rivers Overflow Nadapuram Flood Alert Kerala)